ചിറ്റൂർ : ചിറ്റൂരിലെ വിദ്യാഭ്യാസ സാംസ്ക്കാരത്തിന്റെ ഈറ്റില്ലമായ ഗവൺമന്റ് കോളേജ് ചിറ്റൂരിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ചു നടന്ന എക്സിബിഷൻ ‘ചക്ര 75’ ഏറെ ശ്രദ്ധേയമായി. വിദ്യാഭ്യാസ, സാംസ്ക്കാരിക, വൈജ്ഞാനിക, വിനോദ പരിപാടികൾകൊണ്ട് നിറഞ്ഞ ആദ്യ ദിവസത്തെ എക്സിബിഷൻ കാണാൻ ബഹുജനം കോളേജിലേക്ക് നിറഞ്ഞൊഴുകി.
പ്ലാറ്റിനം ജൂബിലി എക്സിബിഷൻ ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ കെ.എൽ. കവിത, ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എം. ജ്യോതിരാജ്, വാർഡ് കൗൺസിലർ എം. മുകേഷ്, കോളേജ് പ്രിൻസിപ്പാൾ ഡോ. വി.കെ. അനുരാധ, വൈസ് പ്രിൻസിപ്പാൾ ഡോ. കെ. ബേബി, പി.ടി.എ. ഭാരവാഹി എ. ഹരിദാസ്, കോളേജ് യൂണിയൻ ഭാരവാഹി യു. കൃഷ്ണാജ്ഞലി, അദ്ധ്യാപകരായ ഡോ.ടി. റെജി, ഡോ. പി.മുരുഗൻ, ഡോ. മനുചക്രവർത്തി, പൂർവ്വ അദ്ധ്യാപകരായ ഡോ. പി. പ്രഭാകരൻ, ജയദേവ് കരിമ്പത്ത്, ഓഫീസ് സൂപ്രണ്ട് സി. മണികണ്ഠൻ, പ്രോഗ്രാം കോ – ഓർഡിനേറ്റർ കെ.എ. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു.
വിജ്ഞാനത്തോടൊപ്പം വിനോദവും കൂട്ടിക്കലർത്തിയ പ്രദർശനത്തിൽ സംഗീതം, നൃത്തം, നാടകം, സിനിമ, നാടൻ കലകളുടെ അവതരണങ്ങൾ എന്നിവ നിരന്നു. കൂടിയാട്ടം, കണ്യാർകളി, പൊറാട്ടുനാടകം, കർണാടക സംഗീതക്കച്ചേരി, ഗാനമേള, യോഗ പ്രദർശനം, സിനിമാപ്രദർശനം തുടങ്ങിയ കലാപ്രകടനങ്ങളും ഇന്നു കൂടി നടക്കുന്ന എക്സിബിഷനിൽ അരങ്ങേറും.
ചിറ്റൂർ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ശാസ്ത്ര-വൈജ്ഞാനിക രംഗങ്ങളിലെ മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുവാനാണ് ഈ മേള പ്രാഥമികമായി ലക്ഷ്യം വെക്കുന്നത്. കോളേജിന്റെ സവിശേഷ പഠനവിഭാഗങ്ങളായ തമിഴ്, ഭൂമിശാസ്ത്രം, സംഗീതം, തത്വശാസ്ത്രം തുടങ്ങിയ വിഭാഗങ്ങൾ അതതു മണ്ഡലങ്ങളിൽ നൽകിയ സംഭാവനകളെ സാമാന്യ ജനതയ്ക്കു പരിചയപ്പെടുത്തുന്നതോടൊപ്പം, കോളേജിലെ പതിനഞ്ചു ശാസ്ത്ര- സാമൂഹ്യ-മാനവിക-ഭാഷാ വിഭാഗങ്ങളെല്ലാം അതതു വൈജ്ഞാനികമണ്ഡലത്തിലെ ഫലങ്ങൾ മേളയിൽ അണിനിരത്തി . ആരോഗ്യ പരിശോധനാക്യാമ്പുകൾ, ചിത്രപ്രദർശനം, സ്റ്റോക്ക് മാർക്കറ്റ് പ്രദർശനം, കരിയർ ഗൈഡൻസ്, തൊഴിൽ പരിശീലനം എന്നിവയും മേളയുടെ ഭാഗമാണ്.
1947 ഓഗസ്റ്റ് 11ന് സ്ഥാപിതമായ ഗവൺമെന്റ് കോളേജ് ചിറ്റൂർ ഈ വർഷം അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചുവരികയാണ്. 2022 ഡിസംബറിലാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അർഹരായ ഏഴു വിദ്യാർത്ഥികൾക്ക് വീടുവച്ചുനൽകുന്നതുൾപ്പെടെ ഒട്ടേറെ മേഖലകളിലുള്ള വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ സംരംഭങ്ങളിലൂടെ പ്ലാറ്റിനം ജൂബിലി അതിന്റെ സമാപനഘട്ടത്തിലേക്കു പ്രവേശിക്കുകയാണിപ്പോൾ. ഇതിനോടനുബന്ധിച്ചാണ് വിജ്ഞാന-വിനോദ-പ്രദർശനമേള ജനുവരി 31, ഫെബ്രുവരി 1 തിയതികളിലായി കോളേജിൽ വച്ച് സംഘടിപ്പിക്കുന്നത്. മേള ഇന്നവസാനിക്കും